What?

Place


Palkkad Arts

കലാപാരമ്പര്യം

പാലക്കാടിന് സമ്പന്നമായൊരു കലാപാരമ്പര്യമുണ്ട്. മനുഷ്യോത്പത്തിയോളം പഴക്കമുണ്ട് ഈ പാരമ്പര്യത്തിന്. പ്രാചീനമനുഷ്യർ പ്രകൃതിയിൽ സദാ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ജീവസന്ധാരണത്തിനായുള്ള ഈ ഇടപെടലുകളാൽ പ്രകൃതിയിൽ മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യർ സ്വയം മരുകയുക ചെയ്യുന്നു. അദ്ധ്വാനം അതാണല്ലോ ഈ മാറ്റങ്ങൾക് അടിസ്ഥാനം. അദ്ധ്വാനത്തിന്റെ താളങ്ങൾക്കും, ചലനങ്ങൾക്കും, ശബ്ദങ്ങൾക്കും ചില നിയതമായ രൂപങ്ങൾ കൈവന്നു. തലമുറകളിലൂടെ പകർന്നുവന്ന ഈ വാമൊഴിവഴക്കങ്ങൾ നടൻ കലകളായി! ജനിച്ച മണ്ണിന്റെ മനം പുരണ്ടവയാണീ നടൻ കലകൾ. അവക്ക് പലതിനും ആചാരങ്ങളുടെയും അനുഷ്ഠനങ്ങളുടേയും പിൻബലമുണ്ടായിരുന്നു. പ്രകൃതിയോട് മല്ലിട്ടു ജീവിച്ചുവന്ന മനുഷ്യന് പേമാരി, കൊടുങ്കാറ്റ്, ഭൂകമ്പം, രോഗങ്ങൾ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ നേരിടേണ്ടിവന്നു.ദുരന്തങ്ങളകറ്റാൻ പ്രകൃത്യാതീതശക്തികളായി ഇവയെ ആരാധിക്കാനോ, പ്രീതിപ്പെടുത്താനോ തുടങ്ങുമ്പോൾ മുതൽ അതീതശക്തികളിൽ അഭയം കണ്ടെത്താൻ ശ്രമിക്കുകയും ആരാധന ക്രമങ്ങൾ രൂപപ്പെടുകയും ചെയ്തു. അങ്ങനെ മനുഷ്യസമൂഹത്തിനുമേൽ ശക്തമായ സ്വാധീനത്തോടുകൂടി ആചാരങ്ങളു൦ അനുഷ്ഠനങ്ങളും ഉരുത്തിരിഞ്ഞു വന്നു പിന്നീടവ അനുഷ്ഠനകലകളായി.

അദ്ധ്വാനത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന തരത്തിൽ ഭൂഖണ്ഡവും തദ്വാര വർഗ്ഗവിഭജനവും വരുന്നതോടെ അധീശവർഗ്ഗവും അധീനവർഗ്ഗവും സ്ഥാപിക്കപെടുന്നു. തൊഴിൽ ജാതീയമായി വിഭജിക്കപ്പെട്ടതോടെ അനുഷ്ഠനങ്ങളും വേർതിരിക്കപ്പെട്ടു. അതോടെ അധീശവർഗ്ഗത്തിന്റെ കലാസാംസ്കാരിക രംഗത്തിന്റെ നേതൃത്വം കൈക്കലാക്കി. വരേണ്യഭാഷയിൽ നിയമ, വ്യാഖ്യാനങ്ങളോടെ ശാസ്ത്രീയ കലകൾ രൂപപ്പെട്ടു. അധീനന്റെ പുറന്തള്ളപ്പെട്ട കാളകളെയും, അധീശൻറെ വരേണ്യകാലകളായും സമ്പന്നമാണ് ശ്രീകൃഷ്ണപുരം ഗ്രാമം. ഇവിടെ നിലനിന്നിരുന്നതും ഇപ്പോഴുള്ളവയുമായ കലകളെകുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

പരിചമുട്ടുകളി:

സ്വന്തമായി സേനാസന്നാഹങ്ങളൊന്നും ഇല്ലാതിരുന്ന നാട്ടുരാജാക്കന്മാരുടെ അമാലന്മാർ പാടി അഭ്യസിക്കുകയും നാട്ടുപാഠശാല(കളരി)കളിൽ പരിശീലിപ്പിച്ചുവരുകയും ചെയ്തിരുന്ന ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പരിച, പാന ഇവ കയ്യിലേന്തി ഒറ്റമുണ്ടുതാഴ്ത്തിയുടുത്ത്, വട്ടത്തിൽ എട്ടുപത്തുപേർ നിന്ന് പാടികളിക്കുന്നു. ആശാൻ പാടുന്നു, കളിക്കാർ ഏറ്റുപാടുന്നു. ഇലത്താളമാണ് വാദ്യം. പണ്ട് ചില ജാതിവിഭാഗങ്ങളുടെ കല്യാണവസരങ്ങളിൽ ഈ കളി പതിവായിരുന്നു.

"വാരിജാക്ഷിമാരെല്ലാരും തതീകതൈ വാരിധിതൻ തീരെ ചെന്നു
പേടമാൻ മിഴിമാരെല്ലാം തതീകതൈ ആടയഴിച്ചുടൻ വീഴ്ത്തി"
ഇങ്ങനെ കഥാഗാനങ്ങളാണ് പാടാറുള്ളത്. അന്തരിച്ച തലയണക്കാട്ടു പള്ളിപ്പുറത്ത് അയ്യപ്പൻ പരിചമുട്ടുകളി ആശാനായിരുന്നു.

നന്തുണിപ്പാട്ട്:

ഐങ്കുടിക്കമ്മാളരുടെ ദേവീക്ഷേത്രങ്ങളിൽ(കാവ്) നടത്തിവരുന്ന ആട്ട്, പാട്ട്, താലപ്പൊലി, ഭഗവതിപ്പാട്ട് എന്നീ അനുഷ്ഠനങ്ങളുടെ ഭാഗമാണ് നന്തുണിപ്പാട്ട്. കുരുത്തോലകളാൽ അലങ്കരിച്ച പന്തലിൽ, പഞ്ചവർണപ്പൊടികളാൽ ചിത്രീകരിച്ച കളത്തിനുമുൻപിൽവച്ച് ചുവന്നപട്ടുടുത്ത പാട്ടുകാരാണ് പാടുന്നത്. നന്തുണി, കുഴിത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ. കണ്ണകിയുടെ കഥയാണ് പാടുന്നത്. നല്ലമ്മത്തോറ്റം, നല്ലമ്മപ്പാട്ട് എന്നും ഇതിനുപേരുണ്ട്.

"പുറവളയൻ , ആനയടിയൻ, കുതിരകൊളമ്പൻ,
ചക്കമുള്ളൻ, പനവരിയൻ, വെങ്കോണി, കരിങ്കോണി,"
എന്നിങ്ങനെ നൂറ്റെട്ട് മഹാവ്യാധിയെ മനുഷ്യർക്കു കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കുന്നതായി കാണാം. വലമ്പിലിമംഗലം മുണ്ടോർശ്ശിക്കുന്ന് നാരായണൻ, നായാടിക്കുന്ന് കുമാരൻ, മണ്ണമ്പറ്റ മേലേപുരക്കൽ കുമാരൻ എന്നിവർ നന്തുണിപ്പാട്ടുകാരാണ്.

ചവിട്ടുകളി :

പുന്നാംപറമ്പ്, പരിയാനംപറ്റ, ഉത്രത്തിൽകാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിൽ ഇന്നും കാണുന്ന ദൃശ്യമാണ് ചെറുമക്കളി എന്ന ചവിട്ടുകളി. നിലാവുള്ള രാത്രികളിൽ, അന്തിക്കിത്തിരി കള്ളും മോന്തി, ചെറ്റകുടിലുകൾക്കു നടുവിൽ ചവിട്ടിക്കളിച്ച പണിയാളർ, രണ്ടുസംഘങ്ങളായി വേർതിരിഞ്ഞ് അമർഷങ്ങളും വേദനകളും പരിഹാസങ്ങളുമൊക്കെ മത്സരരൂപത്തിൽ അപ്പപ്പോൾ ഉണ്ടാക്കി പാടുകയാണ് ചെയ്യുന്നത്.

"ആനോളോ൦ല്യ പോനോളോ൦ല്യ
യ്ന്റെ അരികെ വന്നാൽ പുളിമൂട്ടോളേളളു
ആനമദിച്ചിട്ടൊന്നും പൂമികുലുങ്ങീട്ടില്യ,
കോഴിച്ചെനക്കീട്ടെ പൂമി മറിഞ്ഞിട്ടൊള്ളു"

ഇങ്ങനെ പോകുന്നു മത്സരപ്പാട്ട്. ആൺകളി, പെൺകളി ഇങ്ങനെ രണ്ടു വകഭേദവുമുണ്ട്. വലമ്പിലിമംഗലത്തെ ഈര, കാനാട്ടുതൊടി കുഞ്ഞൻ, മുക്കിരിക്കാട്ടു കോളനി കുഞ്ചീര, മുണ്ടക്കിൽ പറമ്പിൽ വെള്ളേക്കൻ, മഠത്തിൽപള്ളകണ്ടൻ, പുളിയക്കാട് തെരുവ് ചുണങ്ങൻ, പൂളക്കപ്പല്ല്യാളിൽ ഓന്തക്കൻ ഇവരൊക്കെ ദേശം വിട്ടുപോലും ചവിട്ടുകളിയിൽ പങ്കെടുക്കുന്നവരാണ്.

തുയിലുണർത്തുപാട്ട്:

ഫ്യൂഡൽ വ്യവസ്ഥയിൽ രൂപപ്പെട്ട മറ്റൊരാചാരം. ചൂതുകളിയിൽ തോറ്റ ഭഗവതിയുടെ ഏറുകൊണ്ട് ബോധംകെട്ടുപോയ ഭഗവാനെ കൊട്ടിപ്പാടിയുണർത്താൻ തിരുവരങ്കനും കൂട്ടരുമെത്തി എന്ന ഐതീഹ്യവുമായി ഓണം ഉത്രാടംനാൾ രാത്രിയിൽ മേലാളരുടെ വീടുവീടാന്തരം കയറിയിറങ്ങി പറ എന്ന വാദ്യവും കൊട്ടിപ്പാടി മേലാളൻ ഉണർത്താൻ പാണനും പറ്റിയും എത്തുന്നു. പെരുമാങ്ങോട് പൂഴിക്കളപ്പറമ്പിൽ കുഞ്ഞുണ്ണി, മുണ്ടൻ, ഈശ്വരമംഗലം മുന്നാഴിക്കുന്നു രായിരൻ, വലമ്പിലിമംഗലം വേലു, മണ്ണമ്പറ്റ കൊളോളളിപ്പറമ്പിൽ അയ്യപ്പൻ, ചെറുങ്ങോട് നാരായണൻ, പച്ചയിൽകുന്നു ചാമി, പാറക്കോട്ടിൽ താപ്പൻ തുടങ്ങിയവരായിരുന്നു അവരവർക്കു നിശ്ചയിച്ച ദേശങ്ങളിലെ തുയിലുണർത്തുകാർ.

പാമ്പൻതുള്ളൽ:

നാഗപ്രതിഷ്ഠയുള്ള സർപ്പകാവുകളോട് ചേർന്ന് നടത്തുന്ന ഒരനുഷ്ടാനം. സർപ്പകോപത്താലെന്നുകരുതുന്ന വെള്ളപ്പാണ്ട്,കുഷ്ഠം മുതലായ രോഗങ്ങൾ, വിഷശങ്ക, ഗർഭം എന്നിവക്കെല്ലാം നാഗപ്രീതി വരുത്താനാണീ ആചാരം. അലങ്കരിച്ച പന്തലിൽ തീർത്ത സർപ്പകളത്തിൽ വ്രതമെടുത്ത സ്ത്രീകൾ പുള്ളുവന്റെ പാട്ടിനും താളത്തിനുമൊത്ത് കയ്യിലേന്തിയ പൂക്കുലയുമായി തുള്ളുന്നു, ആടുന്നു, ഇഴയുന്നു.

"ഇളക് ഇളകെന്റെ ഇളക് നാഗമേ,
ആടിവായോ കരിനാഗമേ, നാഗരാജാവേ,
അഞ്ജനമണിനാഗമേ, ഞനിട്ട കളം
കൊൾക, പൂജകൊൾക "

പുള്ളോക്കുടം, വീണ, ഇലത്താളം എന്നിവയാണ് വാദ്യങ്ങൾ. കിണ്ണംകളി, പന്തംഉഴിച്ചിൽ തുടങ്ങിയ അഭ്യാസങ്ങളും കളത്തിൽ കമ്മളുടെ തമാശകളുമൊക്കെ തുള്ളലിൽ കാണാം.

പാന:

നായർ ഭടന്മാരുടെ ഭക്ത്യാരാധനയാണ് പാന. കളിപ്പാന, പകൽപ്പാന, പള്ളിപ്പാന ഇങ്ങനെ പാന മൂന്നുവിധം. അറുപത്തിനാലു കാലുകളും നാലുമുഖവും പതിനാറു തട്ടകവുമുള്ള പന്തലിൽ നാലു ദിവസം നീളും ഈ അനുഷ്ടാന൦. ശ്രീകൃഷ്ണപുരത്തെ ദേവീക്ഷേത്രങ്ങളിൽ ഈ അനുഷ്ടാനം ഇപ്പോഴും നടന്നു വരുന്നു. പെരുമ്പറ, ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ് എന്നീ വാദ്യങ്ങൾ ഉപയോഗിച്ചാണ് നൃത്തചുവടുകൾക്ക് താളമിടുന്നത്. കീഴുവീട്ടിൽ രാമൻനായർ, പന്നിയങ്ങാട്ടിൽ താച്ചുകുട്ടിനായർ, ചേരത്തൊടി കൃഷ്ണൻനായർ, മാങ്കോട്ടിൽ ഉണ്ണകൃഷ്‍ണൻ തുടങ്ങിയവർ ഈ അനുഷ്ടാനകർമ്മങ്ങളുടെ താന്ത്രികന്മാരാണ്.

അയ്യപ്പൻവിളക്ക്:

ശബരിമല യാത്രയുമായി ബന്ധപ്പെട്ടും വഴിപാടായും അയ്യപ്പൻവിളക്ക് നടത്താറുണ്ട്. വൃശ്ചികം, ധനുമാസങ്ങളിലാണ് പതിവ്. കാൽ, അര, മുഴുവൻ എന്നിങ്ങനെ വിലക്ക് മൂന്നുവിധം. വലിയപ്പന്തലിനു നടുവിൽ വാഴപ്പോള, കുരുത്തോല ഇവയിൽ തീർത്ത അമ്പലത്തിൽ ശാസ്താവിനേയും വിവിധ സ്ഥലങ്ങളിലായി ഉപദേവന്മാരെയും പ്രതിഷ്ഠിച്ച് പുലരുവോളം നടക്കുന്ന ഉടുക്കുപാട്ടും മെയ്യഭ്യാസത്തോടുകൂടിയ വെളിച്ചപ്പാടു തുള്ളലും, തിരിയുഴിച്ചിലും, വെട്ടും തടവും, കനൽചാട്ടവും ചേർന്നതാണ് ഈ അനുഷ്ടാന൦. വൈകുന്നേരത്തെ പാലക്കൊമ്പ്‌ എഴുന്നള്ളിപ്പ് വലിയൊരു ഘോഷയാത്രതന്നെയാണ്. ഈശ്വരമംഗലം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ ധനുമാസത്തിലെ ഒന്നാം ശനിയാഴ്ച വർഷംതോറും അയ്യപ്പൻവിളക്കു നടത്തിവരുന്നു. ജാതിമത വ്യത്യാസമില്ലാതെ ആ പ്രദേശത്തുക്കാർ ഉത്സവമായാണ് ഇത് കൊണ്ടാടുന്നത്.

കളമെഴുത്തും പാട്ടും:

ദേവീക്ഷേത്രങ്ങളിലും വീടുകളിലും വഴിപാടായി നടത്തിവരുന്ന അനുഷ്ടാനം. കേരളീയ ചിത്രകലാപാരമ്പര്യ൦, വർണക്കൂട്ടുകളുടെ വിസ്മയം! ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ രൂപമാണ് വരക്കുന്നത്. പഞ്ചവർണപ്പൊടികളാണ് ഉപയോഗിക്കുക. വെള്ള-പച്ചരിപ്പൊടി, മഞ്ഞ-മഞ്ഞൾപൊടി, കറുപ്പ്-ഉമിക്കരി, പച്ച-ഇലപൊടി(മഞ്ചാടി, കൂവളം), ചുവപ്പു-നൂറും മഞ്ഞളും ഇതാണ് പഞ്ചവർണപ്പൊടി. കൈവിരലുകളാൽ പൊടിവിതറി വരച്ചെടുക്കുന്ന കളങ്ങൾക്കുമുമ്പിൽ താളവാദ്യങ്ങളോടെ തോറ്റംപാട്ടുകൾ പാടുന്നു. കല്ലാറ്റകുറുപ്പന്മാരും തീയാടി നമ്പ്യാന്മാരുമാണ് ഈ അനുഷ്ടാനം നടത്തിവരുന്നത്. കുളക്കാട്ടുകുറുശ്ശിയിലെ ചുണ്ടയിൽ കുറുപ്പത്ത് സുകുമാരക്കുറുപ്പ് കളമെഴുത്തശ്ശനാണ്.

ശാസ്ത്രീയ കലകൾ:

അധീശവർഗ്ഗം സാംസ്കാരികമേൽകൈ നേടുന്നതോടെ ശാസ്ത്രീയകലകൾക്ക് വരേണ്യഭാഷയിൽ വ്യാഖ്യാനങ്ങളും നിയമങ്ങളും ഉണ്ടാവുകയും അധീനവർഗ്ഗത്തിനെ നിഷേധിച്ചുകൊണ്ട് വരേണ്യർക്കായി അവ നിയന്ത്രിക്കുകയും ചെയ്തു. അടിയാളനു പ്രവേശനമില്ലാത്ത ബ്രാഹ്മണ ഇല്ലങ്ങളിലെ അകത്തളങ്ങളിലും അമ്പലങ്ങളിലെ അഗ്രഹാരങ്ങളിലും കൂത്തമ്പലങ്ങളിലും നടത്തി വന്നിരുന്ന ഈ ശാസ്ത്രീയ കലകളെ കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളുടെ ഇടപെടലുകളാൽ സമൂഹത്തിലേക്കിറങ്ങി വരാൻ ഇടയായി എന്നതും മറന്നുകൂടാ. അങ്ങനെ ശ്രീകൃഷ്ണപുരം പ്രദേശത്തും ശാസ്ത്രീയ കലാസ്വാദകരും കലാകാരന്മാരും ജന്മം കൊണ്ടു.


Popular Categories

Popular Places